പത്തനംതിട്ട: ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നുവെന്നാരോപിച്ച് എൽഡിഎഫ് നടത്തിയ പോസ്റ്റ് ഓഫീസ് സമരത്തേ തുടർന്ന് നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം കുരുങ്ങി. അബാൻ മേൽപ്പാലത്തിന്റെ പണികൾ നടക്കുന്നതിനാൽ കുന്പഴ ഭാഗത്തേക്കുള്ള ഗതാഗതം ഏറെക്കുറെ തടസപ്പെട്ടിരിക്കുകയാണ്. ഇതോടെ എല്ലാ വാഹനങ്ങളും സെൻട്രൽ ജംഗ്ഷൻ വഴിയാണ് പോകുന്നത്.
ശബരിമല തീര്‍ഥാടകരടക്കം യാത്രക്കാരാണ് ഇന്നലെ ഏറെ വലഞ്ഞത്. സെൻട്രൽ ജംഗ്ഷനിലെത്തിയ വാഹനങ്ങൾ പോലീസ് സ്റ്റേഷൻ റോഡ് വഴി പറഞ്ഞുവിടുകയായിരുന്നു. ഇടുങ്ങിയ വഴിയിൽ അവിടെയും ഗതാഗതം കുടുങ്ങി.
അടൂർ, പന്തളം, തിരുവല്ല ബസുകളും നഗരത്തിൽ നട്ടം തിരിഞ്ഞു. ബസ് സ്റ്റാൻഡ് ഭാഗത്ത് ആവശ്യമായ നിർദേശം നൽകി ബസുകൾ റിംഗ് റോഡ് വഴി തിരിച്ചുവിടാനും ശ്രമമുണ്ടായില്ല.
ഗതാഗതത്തിന് സൗകര്യം ഒരുക്കേണ്ട പോലീസ് റോഡിനു കുറുകെ ജീപ്പിട്ട് നിയമ ലംഘനത്തിന് ഒത്താശ ചെയ്തത് സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമർശനത്തിനു കാരണമായി. മുന്നറിയിപ്പ് ഇല്ലാതെയാണ് ഏറെ തിരക്കേറിയ കോളജ് റോഡ് പോലീസ് അടച്ചത്. ക്രിസ്മസ് അടുത്തതിനാല്‍ ഏതാനും ദിവസമായി നഗരത്തില്‍ തിരക്ക് രൂക്ഷമാണ്.
വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്ന മേല്‍പ്പാലം നിർമാണത്തിനായി ശബരിമല തീര്‍ഥാടനത്തിന്റെയും ക്രിസ്മസ് ആഘോഷത്തിന്റെ വലിയ തിരക്ക് സമയത്ത് അബാന്‍ ജംഗ്ഷനില്‍ പൂർണമായി തടസമുണ്ടാക്കിയതും ശക്തമായ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
മൈലപ്ര റോഡിലും കുരുക്കേറി
പത്തനംതിട്ട: അബാൻ ജംഗ്ഷനിലൂടെയുള്ള ഗതാഗതം പൂർണമായി നിരോധിച്ചതോടെ പത്തനംതിട്ട - മൈലപ്രപള്ളിപ്പടി റോഡിലെ തിരക്കേറി.
ശബരിമല തീർഥാടകരുടെ വാഹനങ്ങളും പിഎം റോഡിലേക്കുള്ള മറ്റു വാഹനങ്ങളും കടന്നു പോകുന്ന പാതയിൽ അബാൻ ജംഗ്ഷൻ വഴി കുന്പഴ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങളും വഴിതിരിച്ചുവിട്ടതോടെയാണ് തിരക്ക് രൂക്ഷമായത്.
റോഡിന്റെ വീതിക്കുറവും പ്രശ്നമാകുന്നുണ്ട്. ഇതിനിടെ മൈലപ്ര പള്ളിപ്പടിയിൽ തിരക്ക് വർധിച്ചതോടെ ഗതാഗതം നിയന്ത്രിക്കുന്ന പോലീസിന്റെ ജാഗ്രതക്കുറവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
തിരക്കേറിയ ഭാഗത്ത് ഇതോടെ അപകടങ്ങൾ പതിവായിരിക്കുകയാണ്.
വാഹനാപകടം ഉണ്ടാകുന്പോഴേക്കും പിഎം റോഡിലും ഗതാഗതം കുരുങ്ങുന്ന സ്ഥിതിയാണ്.